മൂന്നാര്‍: ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി മൂന്നാറില്‍ തെരുവുനായ്ക്കള്‍ നാട് പിടിച്ചടക്കി. തെരുനായ്ക്കളെ നിയന്ത്രിക്കാനും പൊതുവിടങ്ങളില്‍നിന്ന് ഇവയെ നീക്കം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും ഇക്കാര്യത്തില്‍ തദ്ദേശ ഭരണകൂടം അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം പത്തു വയസുകാരിയായ വിദ്യാര്‍ഥിനിക്കു നായയുടെ കടിയേറ്റിരുന്നു. വീടിനു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.
അടിമാലി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി ചികിത്സയിലാണ്. പകല്‍ നേരങ്ങളില്‍ പോലും നഗരമധ്യത്തില്‍ ഭയംകൂടാതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന ടൗണിലാണ് തെരുവുനായ്ക്കള്‍ വിലസുന്നത്. നായ്ക്കൂട്ടങ്ങളുടെ ബഹളം കണ്ട് സ്കൂള്‍ കൂട്ടികള്‍ ഭയന്നോടുന്ന കാഴ്ചയും പതിവാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി 30 ഓളം പേര്‍ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരുടെ കൂട്ടത്തില്‍ വിനോദസഞ്ചാരികളും സ്കൂള്‍ കുട്ടികളുമെല്ലാം ഉള്‍പ്പെടും.
ഒരു വശത്ത് തെരുവുനായ്ക്കള്‍ നഗരത്തില്‍ ഭീതി ജനിപ്പിക്കുമ്പോള്‍ എസ്റ്റേറ്റുകളിലെ ജനവാസമേഖലകളില്‍ വന്യജീവികളാണ് ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവികുളത്തെ ജനവാസ മേഖലകളില്‍ കാട്ടുകൊമ്പന് പടയപ്പ സ്ഥിരമായി എത്തുന്നത് ജനങ്ങളില്‍ ഭീതി ഉയര്‍ത്തുന്നുണ്ട്.
മൂന്നാര്‍ ടൗണ്‍, ഇക്കാനഗര്‍, രാജീവ്ഗാന്ധി കോളനി, പഴയ മൂന്നാര്‍, മൂലക്കട എന്നിവിടങ്ങളിലാണ് തെരുനായ്ക്കള്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.